17 Apr 2013

മാറ്റൊലിക്കായ് കാതോർത്ത്

കഥകളി, വിനോദ സഞ്ചരികൽക്കുമുമ്പിൽ ഒരു പ്രശ്ചന്ന വേഷമാവുന്നു. റിലീസിഗ് തിയ്യറ്ററിനു മുമ്പിലെ ഫാൻസ്‌ അസോസിയേഷൻകാരുടെ ഭാഹളമാവുന്ന പഞ്ചാരിമേളം. മാളുകളിലേക്കും മെട്രോകളിലേക്കും കേന്ദ്രീകരിക്കുന്ന വികസന മുദ്രാവാക്യം. ഇങ്ങനെയാവുന്നു ഇന്നത്തെ കേരളത്തിന്റെ ഒരു ശരാശരി ചിത്രം. ഈ ഒരു മാറ്റത്തിന് ചുക്കാൻ പിടിച്ചതിൽ പ്രധാനി, നിസംശയം പറയാം - മാധ്യമങ്ങൾ.

എന്നാൽ ഇന്ന് വാർത്തകൾ കച്ചവടവൽക്കരിക്കപ്പെടുന്നു. വിപണിമൂല്യമറിഞ്ഞു നിർമ്മിക്കപെടുന്ന ഉൽപ്പന്നമായി വാർത്തകൾ മാറുന്നു. പണം കൊടുത്ത് പരസ്യം നൽകുന്നവർക്കെതിരെ വർത്തകൊടുക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല - അവർ എന്ത് കൊടും പാപം ചെയ്താലും. അതുപോലെ നെഗറ്റീവ് വാർത്തകളോടുള്ള ഭൂരിഭാഗം മധ്യവർത്തി പ്രേക്ഷകന്റെ താൽപര്യം മുതലെടുത്ത്‌ റേറ്റിംഗ് കൂട്ടാൻ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് ചേക്കേറുന്ന സംസ്കാരമാണ് ഇന്ന് രൂപപ്പെട്ടിട്ടുള്ളത്. കോർപ്പറേറ്റുകൾക്ക് ഇഷ്ടമില്ലാത്ത വാർത്ത‍ മറയ്ച്ചുവയ്കുകയും പ്രേക്ഷകർക്ക് ആവശ്യമാം വിധം വാർത്ത‍ ചമയ്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഇവിടെ താമസ്കരിക്കപ്പെടുന്നത് സാധാരണ ജനതയുടെ നീറുന്ന ജീവിതപ്രശ്നങ്ങളാണ്. അതിലേക്ക് കാമറയോ പേനയോ ചലിപ്പിക്കാൻ ഭൂരിഭാഗം മാധ്യമങ്ങളും തുനിയുന്നില്ല.

ഈയിടെ അട്ടപ്പാടി ആദിവാസി ഊരുകളിലെ പോഷകാഹാരക്കുറവും അതേത്തുടർന്നുള്ള മരണങ്ങളും വാർത്തയായി. ഗുജറാത്തിലെ പോഷകാഹാരക്കുറവിനെ കുറിച്ച് പരിതപിക്കുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്ക് പക്ഷേ അട്ടപ്പാടി ചർച്ചചെയ്യപ്പെടാൻ പോന്ന വിഷയമായില്ല! ഒരു വർഷം മുമ്പുവരെ സാധാരണ പൊതുപ്രവർത്തകനായിരുന്ന വടകരയിലെ ചന്ദ്രശേഖരനെ, ടി. പി. എന്ന രണ്ടക്ഷരത്തിൽ കേരളമറിയുന്ന ധീരനാക്കിമാറ്റിയതും നമ്മുടെ മാധ്യമങ്ങൾ തന്നെയാണ്. എന്നാൽ അനിയന്ത്രിതമായ വിലക്കയറ്റത്തെക്കുറിച്ചോ വർദ്ധിച്ചുവരുന്ന ഊർജ്ജപ്രതിസന്ധിയെക്കുറിച്ചോ ചർച്ച ചെയ്യാനോ ആരോഗ്യകരമായ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്കാനോ ഇവരാരും തന്നെ തയ്യാറാകുന്നില്ല.

ആഗോളീകരണത്തിൽ മാധ്യമങ്ങളും മൂലധനാതിഷ്ടിതമാക്കപ്പെട്ടത്തിന്റെ ദുഷ്ഫലങ്ങളാണ്  ഇവ. ഈയൊരു കാലഘട്ടത്തിൽ, സാധാരണക്കാരന്റെ ജീവൽപ്രശ്നങ്ങളിലേക്ക്  ഇറങ്ങിച്ചെന്ന് അവന്റെ പ്രയാസങ്ങൾ മുഖ്യധാരയിലേക്കെത്തിച്ച് അവന്റെ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ നമ്മുടെ മാധ്യമങ്ങൾ ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പുറപ്പെടും എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.

ജനാതിപത്യ - സോഷ്യലിസ്റ്റ്‌ - റിപ്പബ്ലിക് എന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ ജനസാമാന്ന്യത്തിന് ഒരിക്കലും സമ്പവിക്കൻ പാടില്ലാത്ത കഷ്ടപ്പാടും ദുരിതങ്ങലളും അതിലേറെ അവഗനനയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്‌. നമ്മുടെ സാമൂഹ്യ - സാമ്പത്തിക വ്യവസ്ഥിതിയിൽ ഒരു പൊളിച്ചെഴുത്തുണ്ടായെങ്കിൽ മാത്രമേ മാധ്യമങ്ങളിലെന്നല്ല ഏതൊരിടത്തും കഷ്ടപ്പെടുന്നവന്റെ ശബ്ദം ഉയർന്നു കേൾക്കൂ. മാറ്റത്തിലേക്കുള്ള മുന്നേറ്റത്തിന്റെ നാന്ദി കുറിക്കാൻ ഇനി അധികം വൈകാനിടയില്ല. 

No comments:

Post a Comment