22 Aug 2012

വെറുതെ ഒരോണം

ഇനിയും വിപണിമൂല്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ചന്ദ്രശേഖരന്‍ വധം നിറഞ്ഞു നില്‍ക്കുമ്പോള്‍ പെരുന്നാള്‍ അങ്ങനെ കഴിഞ്ഞു. ഇതാ ഓണം ഇങ്ങെത്തി. പച്ചമാവേലിയുമായി സാമൂഹ്യ വെബ്സൈറ്റുകള്‍ ഓണത്തെ വരവെട്ടുതുടങ്ങി. തുമ്പപ്പൂവിന്റെ കുളിര്‍മ്മ ഓര്‍മയിലെ ഓണത്തിനു മാത്രം. പൂ പറിച്ചിട്ട്, പൂപറിക്കുന്ന ഒരു കുട്ടിയെ കണ്ടിട്ട് എത്ര ഓണമായി.

ഓണവും പെരുന്നാളും എല്ലാം നാലുചുവരുകള്‍ക്കുള്ളിലെ വിരല്‍ത്തുമ്പിലെ ലോകവുമായി പങ്കുവയ്കുന്ന ഈ കാലത്ത് ഒരു Desktop Wallpaper ല്‍ കവിഞ്ഞ പൂക്കളം ആര്‍ഭാടമാണ്. ഈ രാജ്യത്തിന്‍റെ, ലോകത്തിന്റെ തന്നെ പല കോണുകളില്‍ ഉള്ള ആളുമായി ഏതു നേരത്തും ഏത് വിഷയത്തിലും സംവധിക്കാന്‍ സാധിക്കുകവഴി ഈ ലോകം വളരെ ചെറുതായി എന്നു നാം കരുതുന്നു. എന്നാല്‍ ചെറുതാകുന്നത് നമ്മളോരോരുത്തരുടെയും ലോകമാണ് എന്ന വസ്തുത ഒരുപക്ഷെ നമ്മള്‍ മനസ്സിലാക്കുന്നില്ല. ഈ ചെറിയ ലോകത്ത് ഓണവും ചെറുതാകുന്നു. സമൃദ്ധിയുടെ സാഹോദര്യത്തിന്റെ തുല്യതയുടെ മാനവികോത്സവമാണ് ഓണം. 

സാമൂഹ്യ വെബ്സൈറ്റുകളുടെ അംഖസംഖ്യ 100 കോടിയോടടുക്കും. ഇതില്‍ 40 ശതമാനത്തോളം വ്യാജമെന്ന് പറയുന്നു. എന്നാല്‍ തന്നെയും ലോകജനസംഖ്യയുടെ 10 ശതമാനം വരും. സാമൂഹ്യ വെബ്സൈറ്റുകളിലെ ആഘോഷം സമൃദ്ധമാകുമ്പോഴും ശേഷിക്കുന്ന 90 ശതമാനത്തെക്കുറിച്ച് ഓര്‍ക്കുക അസാധ്യം. പെരിനപ്പുറത്തെ സാഹോദര്യം ഈ പറയുന്ന എവിടെയും കാണില്ല.

പല ആഫ്രിക്കന്‍ - തെക്കനമേരിക്കന്‍ രാജ്യങ്ങളും ഭക്ഷണത്തിനു വകയില്ലാതെ അലയുന്ന കാഴ്ചയാണ് ഇന്നും ഈ ലോകത്തിന് മുന്പിലുള്ളത്. നമ്മുടെ രാജ്യത്ത് ഒരു ലക്ഷത്തില്‍ പരം ടെണ്‍ ഭക്ഷ്യധാന്യമാണ് കടലില്‍ കൊണ്ടുതള്ളിയത് എന്നാണ് വാര്‍ത്ത. രാജ്യത്തെ 40 ശതമാനത്തോളം ആളുകള്‍ ദിവസത്തില്‍ ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്ന കാലഘട്ടത്തിലാണ് ഇത് എന്നത് ഹൃദയഭേധകമാണ്. 

ഭരണകൂടത്തിന്റെ ലോകം ചെറുതാകുമ്പഴാണ് ഇങ്ങനെ സമ്പവിക്കുന്നത് നമ്മുടെ കാഴ്ചപ്പാടും മനോഭാവവും വിശാലമാവുന്നിടത്ത് - നമ്മുടെ ലോകവും വലുതാവുന്നിടത് - ഭരണകൂടങ്ങള്‍ സമൃദ്ധമാവും. സാഹോദര്യം വിളിച്ചുപറയും. തുല്യത ഉറപ്പുവരുത്തും. ഈ ഓണക്കാലം വിശാല സമൃദ്ധിക്കായ് ലോകം കൈകോര്‍ക്കട്ടെ എന്ന് പ്രത്യാശിക്കാം.

ഇവിടെ ഒ. എന്‍. വി. യുടെ വരികള്‍ ശ്രദ്ധേയമാണെന്ന് തോനുന്നു -
"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും 
വെറുതെ മോഹിക്കുവാന്‍ മോഹം."