10 Oct 2012

സമൂഹം മറ്റൊരു പരിണാമത്തില്‍

ഓരോന്നോരോന്നിനായി അടിക്കടി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിലവര്‍ദ്ധനവിനനുസൃതമായി ശമ്പളത്തില്‍ - വരുമാനത്തില്‍ വര്ദ്ധനവുണ്ടാകുന്നുണ്ടോ? ഇല്ല!

ഒരുവര്ഷം മുന്‍പ് സപ്ലൈകോയില്‍ അരിക്ക് വില 16 - 18 രൂപ. ഇന്ന് ആ സ്ഥാനത്  30 രൂപയോളം കൊടുക്കണം. അതുപോലെ പലതും. നിത്യോപയോഗ സാധനങ്ങളില്‍ ഈ വിധം വിലവര്‍ദ്ധനവുണ്ടാവുകയും മറുവശത്ത് വരുമാനത്തില്‍ കാര്യമായ മാറ്റം ഉണ്ടാവാതിരിക്കുകയും ചെയ്യുമ്പോള്‍, സാധാരണക്കാരന്‍ ചിലവുകള്‍ നിയന്ത്രിക്കാന്‍ നിര്‍ബന്ധിതനാകും.

പ്രതിമാസം അടച്ചുകൊണ്ടിരിക്കുന്ന ലോണ്‍ തിരിച്ചടവ് 5000 ത്തില്‍  നിന്നും 4000 ആക്കും, ആഴ്ചയില്‍ ഒരിക്കല്‍ സിനിമ കണ്ടുകൊണ്ടിരുന്നത്‌ രണ്ടാഴ്ച കൂടുമ്പോഴോ മാസത്തില്‍ ഒരിക്കലോ ആക്കിമാറ്റും. പുതുവസ്ത്രങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മതി എന്നാവും. ചെറു യാത്രകള്‍ക്കിടയിലുള്ള ദൈര്‍ഘ്യം കൂട്ടും. അങ്ങനെ പല മേഖലകളില്‍ പല ചുറ്റുപാടുകളില്‍ ഉള്ളവര്‍ അവരവരുടേതായ പല നിയന്ത്രണങ്ങളും വരുത്താന്‍ നിര്‍ബന്ധിതരാകും. എങ്കില്‍ മാത്രമേ കഴിഞ്ഞ വര്ഷം കഴിച്ചുകൊണ്ടിരുന്ന അതേ തോതില്‍ ഇപ്പോഴും ഭക്ഷണം കഴിക്കാന്‍ സാധിക്കൂ. ഇങ്ങനെ തുടര്‍ന്നാല്‍ ഒരുപക്ഷെ അധികം താമസിയാതെ ഭക്ഷണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്ക് സാധാരണക്കാരന്‍ ചെന്നെത്തപ്പെടും.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍ പറയുന്നുണ്ട് "നിലനില്‍പ്പിനുള്ള പോരാട്ടത്തെ"(Struggle for existence) ക്കുറിച്ച്‌. നമ്മുടെ നാട്ടിലെ ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരും ദരിദ്രരും. അവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടഭൂമിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്. ഇതില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ വിജയിച്ചുവരാന്‍ സാധിക്കൂ എന്നാ സത്യം നിലനില്‍ക്കുന്നു. അതായത്  ഇന്ന് മധ്യവര്‍ഗം ഇടത്തരം എന്നൊക്കെ പറയുന്ന (Middle class) വിഭാഗം പരിവര്‍ത്തനപ്പെട്ട് ദരിദ്രനോ ധനികണോ ആക്കപ്പെടും. അങ്ങനെയെങ്ങില്‍ സമ്പന്ന വര്‍ഗത്തിന്റെയും അവര്‍ക്കുചുറ്റും ഉപഗ്രഹം കണക്കെ ചുറ്റിക്കറങ്ങുന്ന ബഹുഭൂരിഭാഗം ദാരിദ്രനാരായണന്‍ മാരുടെയും ഇരുണ്ട കാലമാണ് നമ്മെ കാത്തിരിക്കുന്നത്.

ആ ഒരവസ്ഥ വന്നെത്താതിരിക്കണമെങ്കില്‍ എല്ലാവരും ഈ വസ്തുത മനസിലാക്കേണ്ടതുണ്ട് പ്രതിപ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ തനിക്കു എന്തെങ്കിലും നഷട്ടപെടുന്നു എന്ന് ബോധ്യമാകുമ്പഴെ ഒരുവന്‍ സംഘടിക്കുവാനും പ്രതികരിക്കുവാനും തയ്യാറാവുകയുള്ളൂ. ഈ ആലസ്യം വെടിഞ്ഞ് പ്രബുദ്ധജനം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം ആസന്നമായിരിക്കുന്നു.