10 Apr 2013

ചട്ടിയിലാക്കപ്പെട്ട സ്വാതന്ത്ര്യം

ഉച്ചയൂണിനു ശേഷം വെറുതെ കിടന്നപ്പോഴാണ്‌ മുമ്പൊരിക്കൽ കലൂരിൽ പോയി 35 രൂപക്ക് വാങ്ങിക്കൊണ്ടുവന്ന ചട്ടിയിലാക്കിയ ബഹുവർണ്ണച്ചെടിയെക്കുറിച്ചോർത്തത്. എന്തിന്, എവിടെനിന്നാണ് ഈ ചിന്ത വന്നതെന്നരിയില്ല. എന്തായാലും കിടക്കയിൽനിന്നെഴുന്നേറ്റു. 

ബാൽക്കണി ഇപ്പോൾ പഴയ തുണികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചെടിച്ചട്ടി എവിടെയും കാണാൻ കഴിയുന്നില്ല. തുണികളെല്ലാം മാറ്റിനോക്കിയപ്പോൾ പണ്ട് വച്ചിരുന്ന അതേ സ്ഥലത്തുതന്നെ ആ ചട്ടിയുണ്ട്. അതിനുമുകളിലായി ഏതാണ്ട് അതിന്റെ രണ്ടുമടങ്ങ്‌ ഉയരത്തിൽ പഴന്തുണികളാൽ മൂടപ്പെട്ടിരുന്നു. വെള്ളമോഴിക്കുമ്പോൾ നിലത്ത് ആവാതിരിക്കാൻ പ്ലാസ്റ്റിക്കിന്റെ ചെടിച്ചട്ടി ഒരു അലൂമിനിയം പാത്രത്തിലായിരുന്നു വയ്ചിരുന്നത്. അതും അവിടെത്തന്നെ ഉണ്ട്. ഈ കാഴ്ച ഒരുനിമിഷത്തേക്ക് എന്നെ സ്ഥബ്ദനാക്കി. പതിവായി പഴന്തുണികൾക്കിടയിൽ കസേരയിലിരുന്ന് കാറ്റ് കൊള്ളാറുണ്ടായിരുന്ന എന്റെ കാഴ്ചയിൽ നിന്നും ഈ യാഥാർത്ഥ്യം മറിഞ്ഞിട്ട് മാസങ്ങളായി.

ചെടിക്ക് വെള്ളം നനച്ചിരുന്നത്‌ ഞാൻ തന്നെയായിരുന്നു. ചെടി ഉണങ്ങി നശിച്ചതിൽ പിന്നെയാണ് ആ ഭാഗത്തേക്ക് ഞാൻ ശ്രദ്ധിക്കാതിരുന്നത്.

വർണ്ണച്ചെടി ഏതായാലും ഉണങ്ങി ഇനി ആ ചട്ടിയിൽ ഒരു തക്കാളിത്തൈ നടാം എന്ന് നിശ്ചയിച്ചു. കുറച്ചു ഒക്സിജൻ പ്രധാനം ചെയ്യുന്നു എന്നുള്ളതായിരുന്നു ഒരു ചെടി നടാം എന്നതിനുപിന്നിലെ ഉദ്ദേശം. തക്കളിച്ചെടിയാകുമ്പോൾ പല നിറങ്ങളൊന്നുമില്ലെങ്കിലും ഭംഗിയുള്ള പച്ച ചെടിയിൽ ഒരു കുഞ്ഞു തക്കാളി കൂടി കായ്ചാലോ! അങ്ങനെ വീണ്ടും ഒരു ജീവന്റെ തുടിപ്പ് ആ ചട്ടിയിലേക്ക് പകരുവാൻ തന്നെ ഉറപ്പിച്ചു.

ചട്ടിയിൽ ഒരു പേനയുടെ വലുപ്പത്തിൽ ഒരുണക്കകമ്പ് മണ്ണിൽനിന്നുയർന്നുനിൽക്കുന്നു. ഞാനതൊന്നു പിടിച്ചു വലിച്ചു നോക്കി. മണ്ണ് മുഴുവനായും ആ കമ്പിനോടൊപ്പം പൊന്തിവരുന്നു. വേരുകൾ അത്രക്ക് ശക്തമാണ്. 

കുറച്ചു വെള്ളം കൊണ്ടുവന്ന് ചട്ടിയിൽ ഒഴിച്ചു. നല്ല കറുത്ത മണ്ണ്. ഒന്നുനനവ്‌ തട്ടിയപ്പോൾ മണ്ണിനൊരു പതം വന്നു. 

കമ്പിൽ നിന്നും നല്ല ഭംഗിയായി കിടക്കുന്ന വേരുകൾ കണ്ടപ്പോൾ ആദ്യം കൗതുകവും പിന്നെ സങ്കടവും തോന്നി. വേരുകൾ ചട്ടിയോട് ചേർന്ന് ചുറ്റിലും വട്ടത്തിൽ വളർന്ന് ഒരു സിലിണ്ടർ ആകൃതിയിൽ ആയിട്ടുണ്ട്‌. വേരുകൾക്കിടയിൽ  എവിടെയോ ഒരു പ്രതീക്ഷയുടെ നാമ്പ് ഉറങ്ങിക്കിടപ്പുണ്ടെന്ന് തോന്നി. ഒരൽപ്പം വെള്ളവും വളവും എന്റെ കൈകൊണ്ടോ അല്ലാതെയോ ചട്ടിയിൽ വീണിരുന്നെങ്ങിൽ, ഒരു പക്ഷെ ...

വേരുകൾ ചട്ടിക്കകത്ത് ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു. പുറത്തെ വിശാല ഭൂമിയിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ സ്വാതന്ത്ര്യമില്ലാതെ ചട്ടിക്കകത്ത് വട്ടം കറങ്ങി കഴിച്ചുകൂട്ടുകയായിരുന്നു ഇത്രയും നാൾ. 

ഒരുതരത്തിൽ ഞാനും ഇങ്ങനെ തന്നെയാണ്. എന്റേതായ പല ഉത്തരവാദിത്വങ്ങളിലും ബാധ്യതകളിലും ചുറ്റുപിണഞ്ഞ്, പരന്ന ലോകത്തിലേക്കുള്ള പ്രവേശനം സ്വപ്നം മാത്രമായി അവശേഷിപ്പിച്ച് ജീവിതം കഴിച്ചു കൂട്ടുന്നു. അദൃശ്യമായ ചട്ടിയുടെ ഉള്ളിൽ വട്ടംകറങ്ങുകയാണ് ഞാൻ. 

ഇപ്പോൾ എനിക്ക് തോന്നുന്നു പലരും എന്നേപ്പോലെ തെന്നെയാനെന്ന്. പലരും നടപ്പെട്ട ചട്ടികളുടെ വലുപ്പത്തിൽ ഏറ്റക്കുറച്ചിലുകൾ കാണുമായിരിക്കും!

എന്റെ സ്വാർത്ഥമായ ആഗ്രഹങ്ങൾക്ക് വേണ്ടി ഞാനാണ് ആ ചെടിയുടെ സ്വാതന്ത്ര്യം നിഷേധിച്ചതെങ്കിൽ, എന്റെ സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങിട്ടത് ആരാണ്? എന്തിനാണ്?

എന്തായാലും ആ വേരുകൾ സ്മാരകമാക്കനൊന്നും നിന്നില്ല; ചവരുകൂനയിലേക്ക് വലിച്ചെറിഞ്ഞു. അടുത്ത ഊഴം തക്കാളിച്ചെടിയുടേത്.

2 comments: