26 Dec 2011

പൊതിച്ചോറ്


ഉച്ചക്ക് ഊണ് കഴിക്കാനുള്ള കാശെടുക്കാനായി ATM ലേക്ക് പോവുകയാണ്. വഴിയരികില്‍ കുഞ്ഞിനെ മുലയൂട്ടി ഭിക്ഷയാജിചിരിക്കുന്ന ഒരു സ്ത്രീ. അടുത്തെത്തിയപ്പോള്‍ എന്റെ നേരെയും നീണ്ടു അവരുടെ കൈ. ഇല്ല എന്ന് കൈ ആഗ്യം കൊണ്ട് ഞാനവരെ വിരട്ടി. ATM ല്‍ നിന്ന് പണമെടുത്തു തിരികെ വരുമ്പോഴും അവരവിടെയുണ്ട്‌. എന്നില്‍ നിന്നും അകറ്റി ലക്ഷ്യമില്ലാതെ എവിടെയൊക്കെയോ ദൃഷ്ടി ചലിപ്പിക്കുന്ന അവരുടെ വലതു കൈ മുലകുടിക്കുന്ന കുഞ്ഞിന്റെ തലയില്‍ പതിയെ തലോടുന്നുണ്ട്‌ - അവര്‍ പോലുമറിയാതെ.

ഭിക്ഷാടനം എനിക്ക് യോജിക്കാനാവാത്തതാണ്. ഭിക്ഷ കൊടുക്കുന്നത് ഭിക്ഷാടനത്തെയും അതുപോലെ അതുപയോഗപ്പെടുതുന്ന മാഫിയകളെയും പ്രോത്സാഹിപ്പിക്കലാണ് എന്നാ സാമൂഹ്യബോധം എന്നെ ഭിക്ഷാടന വിരോധിയാക്കി.

അവിടുന്ന് നേരെ ഹോട്ടലില്‍ എത്തി ഊണ് ഓര്‍ഡര്‍ ചെയിതു. ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നിഷ്കളങ്കമായ ആ കുഞ്ഞിന്റെ മുഖവും അതിലും ദയനീയമായ ആ അമ്മയുടെ മുഖവും മനസ്സിലെക്കെതി. ഈ ക്രിസ്തുമസ് ദിനത്തില്‍ നാടൊട്ടുക്ക് ആഘോഷ ആരവങ്ങലാലും വിഭവസമൃദ്ധ  ഭക്ഷണത്താലും സമ്പന്നമാകുമ്പോള്‍ - തീരേ മോശമല്ലാത്ത രീതിയില്‍ ഞാനും ഭക്ഷണം കഴിക്കുമ്പോള്‍ ആ അമ്മയും കുഞ്ഞും കാരുണ്യമതികള്‍ക്കായി കൈ നീട്ടിയിരിക്കുന്നു. ഇങ്ങനെ എത്രപേര്‍... എത്ര കുഞ്ഞുങ്ങള്‍!

ഞാന്‍ വെയിറ്റെരെ വിളിച്ചു. "ഒരു ഊണ് പാര്‍സല്‍". വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആ പാര്‍സല്‍ ചോറുമെടുത്ത്‌ ഹോട്ടലില്‍ നിന്നിറങ്ങി. നടന്നവിടെ എത്തിയപ്പോള്‍ പക്ഷെ, ആ സ്ത്രീയും കുഞ്ഞും അവിടെയില്ല. അവര്‍ അവരുടെ അടുത്ത കേന്ദ്രത്തിലേക്ക് പോയിരിക്കുന്നു. എന്റെ കയ്യിലുള്ള ഈ ചോറ് കഴിക്കാന്‍ കഴിയാത്ത അവരുടെ നിര്‍ഭാഗ്യമോ - എന്റെ കൈകൊണ്ടു കൊടുത്ത ചോറ് അവര്‍ കഴിക്കുന്നത്‌ കണ്ട് സംതൃപ്തി കൊള്ളാനാകാത്ത എന്റെ നിര്‍ഭാഗ്യമോ - അറിയില്ല, അവരെ നേരത്തേ ഇവിടെ നിന്നും മുന്നോട്ടുനയിച്ചു. കയ്യില്‍ ഒരു പൊതിച്ചോറിന്റെ ഭാരവുമായി ഞാന്‍ മടങ്ങി.